ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി

ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള വെറും ഒന്നര മാസത്തിനുള്ളിൽ സന്നിധാനത്തെ ബാങ്കുകൾ വഴി ജീവനക്കാർ വൻ തുകകൾ നിക്ഷേപിച്ചതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടതായും, 942 ഇടപാടുകളിലായി പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും, മാളികപ്പുറം മേൽശാന്തി മാത്രം 46.5 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തെ മറ്റ് ജീവനക്കാർ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വൻതോതിൽ പണമെത്തിയത്. സാധാരണക്കാരായ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ഇത്ര വലിയ തുക എത്തിയത് ഗൗരവകരമായ അഴിമതിയുടെ സൂചനയാണെന്ന് വിജിലൻസ് വിലയിരുത്തുന്നു.

ഭക്തർ സമർപ്പിക്കുന്ന പൂജാസാധനങ്ങൾക്കിടയിലെ നാണയങ്ങളും നോട്ടുകളും ജീവനക്കാർ വ്യാപകമായി കൈക്കലാക്കി. കാണിക്ക വഞ്ചി തുറക്കുമ്പോൾ പുറത്തേക്ക് വീഴുന്ന പണം മോഷ്ടിക്കുന്ന രീതിയും കണ്ടെത്തി. നെയ്യഭിഷേകം ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകളിൽ ഭക്തരെ സഹായിക്കുന്നതിന്റെ പേരിൽ നിയമവിരുദ്ധമായി പണം ഈടാക്കി. സന്നിധാനത്തെ ഹോട്ടൽ ഉടമകളും ഈ സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ഹൈക്കോടതിയുടെ തുടർനിർദ്ദേശങ്ങൾ ഈ അഴിമതി അന്വേഷണത്തിൽ നിർണ്ണായകമാകും.

Leave a Reply

Your email address will not be published.