കഴിഞ്ഞ 13 വർഷമായി അപകടത്തെത്തുടർന്ന് അബോധാവസ്ഥയിൽ കഴിയുന്ന ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയ്ക്ക് (31) നിഷ്ക്രിയ ദയാവധം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മകന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യണമെന്ന മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതി നിർണ്ണായക വിധി പ്രഖ്യാപിച്ചത്. മകൻ സുഖം പ്രാപിക്കില്ലെന്ന് ഉറപ്പായതോടെയാണ് നിഷ്ക്രിയ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
പഞ്ചാബ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ, 2013-ൽ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരിഷിന്റെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ടു. അന്നുമുതൽ ശ്വസനത്തിനും ഭക്ഷണത്തിനുമായി പ്രത്യേക ട്യൂബുകളുടെ സഹായത്തോടെ ജീവിതം തള്ളിനീക്കുകയായിരുന്നു.
രണ്ട് മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തത്. ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം, വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ നിഷ്ക്രിയ ദയാവധം അനുവദിക്കാവൂ. ഹരീഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കാൻ കോടതി അനുമതി നൽകിയത്.
