നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിൽ

കോൺഗ്രസിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ  അന്തിമഘട്ടത്തിലെത്തി നിൽക്കെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോൺഗ്രസിന്റെ പ്രാഥമിക പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും നേമത്ത് വൈഷ്ണ സുരേഷിനെയുമാണ് പാർട്ടി പരിഗണിക്കുന്നത്. കോവളത്ത് എം. വിൻസെന്റും അരുവിക്കരയിൽ വി.എസ്. ശിവകുമാറും കാട്ടാക്കടയിൽ എം.ആർ. ബൈജുവും പട്ടികയിലുണ്ട്. കൊല്ലം ജില്ലയിൽ ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല, ചടയമംഗലത്ത് ആർ. ചന്ദ്രശേഖരൻ എന്നിവർക്കാണ് മുൻഗണന.

സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകുന്നേരം ഡൽഹിയിൽ ചേരും. ഹൈക്കമാൻഡ് നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ ആദ്യഘട്ട പട്ടികയിൽ അന്തിമ ധാരണയിലെത്തും. പരമാവധി 60 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പട്ടിക ഉടൻ പ്രഖ്യാപിക്കാനാണ് നീക്കം.

തങ്ങളും കളത്തിലിറങ്ങുമെന്ന നിലപാടിൽ എംപിമാർ ഉറച്ചുനിൽക്കുന്നത് പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്ക് പിന്നാലെ എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവരും മത്സരസന്നദ്ധത അറിയിച്ചതോടെ സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കളും കടുത്ത അതൃപ്തി രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published.