കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) ഉപഭോക്താക്കൾക്ക് ഇനി മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ബിൽ പേയ്മെന്റുകളും റീചാർജുകളും എളുപ്പത്തിൽ നിർവ്വഹിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഭാരത് ബിൽ പേയ്മെൻ്റ് സിസ്റ്റത്തിൽ സേവനങ്ങൾ ഏകീകരിച്ചു. പ്ലാറ്റ്ഫോമിൻ്റെ ഉദ്ഘാടനം കെഫോൺ മാനേജിങ് ഡയറക്‌ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) നിർവ്വഹിച്ചു.
ഗൂഗിൾ പേ, ഫോൺപേ, ഭീം, ക്രെഡ്, തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴി ഇനി കെഫോൺ ബില്ലുകൾ അടയ്ക്കാം. ഇന്റർനെറ്റ് റീചാർജ്, ഒ.ടി.ടി പാക്കേജുകൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ബിബിപിഎസ് വഴി നടത്തുന്ന ഇടപാടുകൾ സുരക്ഷിതവും സുതാര്യവുമാണെന്ന് കെഫോൺ ഉറപ്പുനൽകുന്നു.
ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ സുഗമമായി എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്ന് ഡോ. സന്തോഷ് ബാബു പറഞ്ഞു. ബിസിനസ് രംഗത്തും വ്യക്തിഗത ഉപയോഗത്തിലും കെഫോണിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കും.
