കോഴിക്കോട് : നഗരത്തിലെ കാഴ്ചകൾ ഇനി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസിൽ ആസ്വദിക്കാം. കെഎസ്ആര്‍ടിസിയുടെ ‘സിറ്റി റൈഡ്’ ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍വീസിന്റെ ലക്ഷ്യം.എല്ലാ ദിവസവും വൈകീട്ട് മൂന്നു മണിയോടെ തുടങ്ങി രാത്രി പത്തര വരെ സര്‍വീസുണ്ടാകും. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി സരോവരം ബയോപാര്‍ക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സര്‍വീസ്. അഞ്ച് ട്രിപ്പുകളാകും തുടക്കത്തില്‍ ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂര്‍, ചാലിയം, കാപ്പാട് തുടങ്ങിയ ഇടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് കമ്പനിയുടെ ഇലക്ട്രിക് ബസ്സാണ് സർവീസ് നടത്തുക.
പരിസ്ഥിതി സൗഹൃദ യാത്ര ലക്ഷ്യമിട്ട് ഇലക്ട്രിക് ബസാണ് സര്‍വീസിനെത്തിച്ചത്. മുകളില്‍ 36 സീറ്റും താഴെ 28 സീറ്റുമുണ്ട്. ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 4.7 മീറ്റര്‍ ഉയരമുള്ള ബസ് താഴ്ന്നുനില്‍ക്കുന്ന മരച്ചില്ലകളും ഇലക്ട്രിക് ലൈനുകളും കേബിളുകളുമെല്ലാം നീക്കിയ ശേഷമായിരിക്കും സ്ഥിരം ട്രിപ്പുകള്‍ ആരംഭിക്കുക. നിലവില്‍ തിരുവനന്തപുരം, മൂന്നാര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് സമാന സര്‍വീസുകളുള്ളത്. ഫ്ളാഗ് ഓഫ് ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സി നായര്‍, കെഎസ്ആര്‍ടിസി അസിസ്റ്റന്റ് വര്‍ക്ക് മാനേജര്‍ ഗിരീഷ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലവിൽ 5 ട്രിപ്പുകളാണ് പ്രഖ്യാപിച്ചത്. 16 കിലോമീറ്ററാണ് ഓരോ യാത്രയുടെയും ദൈർഘ്യം. ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രാസമയം.വൈകിട്ട് മൂന്നിന് പുറപ്പെടുന്ന ആദ്യട്രിപ്പ് 4.20ന് തിരിച്ചെത്തും. 4.30ന് പുറപ്പെടുന്ന രണ്ടാം ട്രിപ്പ് 5.50ന് തിരിച്ചെത്തും. ആറിന് പുറപ്പെടുന്ന മൂന്നാംട്രിപ്പ് 7.20ന് തിരിച്ചെത്തും. 7.30ന് പുറപ്പെടുന്ന നാലാം ട്രിപ്പ് 8.50ന് തിരിച്ചെത്തും. 9ന് പുറപ്പെടുന്ന അവസാനട്രിപ്പ് 10.20ന് തിരിച്ചെത്തും.
മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ നിന്ന് യാത്ര തുടങ്ങും. തിരികെ ടെർമിനലിൽത്തന്നെ യാത്ര അവസാനിക്കും. സ്റ്റാൻഡിൽനിന്ന് തുടങ്ങുന്ന യാത്ര മാവൂർ റോഡിലൂടെ സരോവരം റോഡിൽ പ്രവേശിക്കും. മാനാഞ്ചിറ വഴി പാളയത്തെത്തും. തുടർന്ന് കോതി ബീച്ചിലൂടെ കുറ്റിച്ചിറ, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച് എന്നിവിടങ്ങളിലൂടെ പ്രധാന ബീച്ചിലെത്തും. ആകാശവാണി വഴി കറങ്ങി വലിയങ്ങാടി സന്ദർശിച്ച് ഗാന്ധിപാർക്ക് വഴി കറങ്ങി ബീച്ച് റോഡിലേക്ക് എത്തും. വരക്കൽ ഭട്ട് റോഡ് ബീച്ച് വഴി ഇംഗ്ലിഷ് പള്ളി, മനോരമ ജംക്ഷൻ വഴി മാനാഞ്ചിറ സ്ക്വയർ കണ്ട് സ്റ്റാൻഡിലെത്തും.
