ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ‘അലക്സ് പോൾ മേനോൻ@ ഔട്ട്ലുക്ക്. കോം എന്ന മെയിലിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന്, ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ വിശദമായ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.
“നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതികൾ കൊണ്ട് എന്ത് പ്രയോജനം?” എന്ന് ചോദിച്ചുകൊണ്ടാണ് ഇമെയിൽ ആരംഭിക്കുന്നത്. ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 ഓളം വിഷ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതൊരു വ്യാജ ഭീഷണിയല്ലെന്നും നിരപരാധികളെ ഉടൻ ഒഴിപ്പിക്കണമെന്നും ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇമെയിൽ ശ്രദ്ധയിൽപ്പെട്ട ഉടൻ കോടതിയിലെ ജീവനക്കാരി പൊലിസിനെ വിവരമറിയിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ പൊലിസും, ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും കോടതിയിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താത്തതിനെത്തുടർന്ന് ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
