മാനാഞ്ചിറ – മലാപ്പറമ്പ് നാലുവരിപ്പാത തുറന്നു;കോഴിക്കോട്ടിനെ “ന്യൂ കാലിക്കറ്റ്” ആക്കുകയാണ് ലക്ഷ്യം; 1000 കോടിയുടെ റോഡ് വികസന പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : 1000 കോടിയിലധികം രൂപ ചെലവിട്ടു കോഴിക്കോട്ട് 12 റോഡുകൾ നിർമിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മാനാഞ്ചിറ-മലാപ്പറമ്പ് 4 വരിപ്പാതയുടെ ഉദ്ഘാടനവും മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. മാനാഞ്ചിറ–വെളളിമാടുകുന്ന് റോഡ് നവീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹി ‘ന്യൂഡൽഹി’ ആയതുപോലെ കോഴിക്കോടിനെ ‘ന്യൂ കാലിക്കറ്റ്’ ആക്കി മാറ്റാനാണു സർക്കാർ ലക്ഷ്യമിടുന്നത്. 1000 കോടിയിലധികം രൂപ വരുന്ന പാരിസ് മോഡൽ കനാൽ സിറ്റി പദ്ധതിയും റോഡുകളും നഗരത്തിന്റെ മുഖഛായ മാറ്റും. എൻഎച്ച് 66 യാഥാർഥ്യമാകുന്നതും തുരങ്കപ്പാതയുടെ പ്രവൃത്തി ആരംഭിച്ചതും പുതിയ പാലം യാഥാർഥ്യമായതും ആലപ്പുഴയിലെ പെരുമ്പളം പാലം വന്നതുമെല്ലാം സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്.’ മന്ത്രി പറ‍ഞ്ഞു.

         മലാപ്പറമ്പിൽ നടന്ന ചടങ്ങിനു ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മാനാഞ്ചിറയിലേക്കു റോഡ് ഷോ നടത്തി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഒ.സദാശിവൻ, എഡിഎം സി.മുഹമ്മദ് റഫീഖ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, കെആർഎഫ്ബി സിഇഒ എം.അശോക് കുമാർ, ടീം ലീഡ് എ.വി.വിശ്വപ്രകാശ്, മുൻ മേയർ ബീന ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.

നടന്നത് ഉദ്ഘാടനമല്ല, തുറന്നുകൊടുക്കൽ: കേരള റോഡ് ഫണ്ട് ബോർഡ് 

കോഴിക്കോട് ∙ മാനാഞ്ചിറ –മലാപ്പറമ്പ് 4 വരിപ്പാതയുടെ ഉദ്ഘാടനമല്ല മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ. മാനാഞ്ചിറ– മലാപ്പറമ്പ് പാത ഗതാഗതത്തിനു തുറന്നുകൊടുക്കലും മലാപ്പറമ്പ് – വെള്ളിമാടുകുന്നു പാതയുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് ഇന്നലെ നടന്നതെന്നും അവർ അറിയിച്ചു. ചടങ്ങു സംബന്ധിച്ച കെആർഎഫ്ബിയുടെ നോട്ടിസിലും ശിലാഫലകത്തിലും ഇതു തന്നെയാണുള്ളത്. അതേസമയം, സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ, മാനാഞ്ചിറ–മലാപ്പറമ്പ് പാത നാടിനു സമർപ്പിക്കുന്നു എന്നാണുള്ളത്. ഞായറാഴ്ചത്തെ പിആർ‍ഡി പത്രക്കുറിപ്പിലും പ്രചാരണ ബോർഡുകളിലും ഉദ്ഘാടനമാണെന്നും. തുറന്നുകൊടുക്കലും ഉദ്ഘാടനവും നാടിനു സമർപ്പിക്കലും തമ്മിലുള്ള വ്യത്യാസം എന്താണെന്നു തൽക്കാലം നാട്ടുകാർക്കു വ്യക്തമല്ല.

മാനാഞ്ചിറ– മലാപ്പറമ്പ് റോഡിന്റെ 80% മാത്രമാണു പൂർത്തിയായതെന്നും കെആർഎഫ്ബി അറിയിച്ചു. ഒരട്ടി ടാറിങ്, തെരുവു വിളക്കുകൾ, നടപ്പാത, ട്രാഫിക് സിഗ്നലുകൾ എന്നിവ പൂർത്തിയാകാനുണ്ട്. എരഞ്ഞിപ്പാലത്തു ഡക്റ്റും ഓവുചാലും നിർമിക്കാൻ ബാക്കിയുണ്ട്. ബസ് ബേയുടെ നിർമാണം ബാക്കിയുള്ളതിനാലാണിത്. 40 ദിവസത്തിനകം പാതയുടെ നിർമാണം പൂർത്തിയാകും. തുറന്നു കൊടുത്ത ഭാഗങ്ങളിൽ ഇനി ഇരുഭാഗത്തേക്കും ട്രാഫിക് അനുവദിക്കണോയെന്നും അപകടം ഒഴിവാക്കാൻ എന്തൊക്കെ ക്രമീകരണം വേണമെന്നും പൊലീസാണു തീരുമാനിക്കേണ്ടത്– കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published.