പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കേരളത്തിലെത്തും. വിവിധ കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായി എത്തുന്ന പ്രധാനമന്ത്രി എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുക്കും. ബുധനാഴ്ച (11-03-2026)  രാവിലെ 11.30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി എറണാകുളം മറൈൻ ഡ്രൈവിൽ ധീരവസഭ സംഘടിപ്പിക്കുന്ന ചടങ്ങാണ്. തുടർന്ന് കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി കലൂർ സ്റ്റേഡിയത്തിൽ അദ്ദേഹം റോഡ് ഷോ നടത്തും.

റെയിൽവേ ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട് – പൊള്ളാച്ചി മെമു ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ സ്റ്റേഷനുകളുടെ ഉദ്ഘാടനവും വൈദ്യുതീകരണം പൂർത്തിയാക്കിയ ഷൊർണൂർ – നിലമ്പൂർ പാതയുടെ സമർപ്പണവും അദ്ദേഹം നിർവ്വഹിക്കും. ബി.പി.സി.എൽ, ദേശീയപാത അതോറിറ്റി എന്നിവയുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നടക്കും.

വികസന പരിപാടികൾക്ക് ശേഷം കലൂരിൽ നടക്കുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പ്രധാനമന്ത്രി പ്രസംഗിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയമായും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.