പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അതേസമയം മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് രംഗത്ത്. മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാർ പറഞ്ഞു. കെടിഡിസിയുടെ ചൈത്രം ഹോട്ടലിനു മുൻവശത്താണ് പൊങ്കാലയിട്ടത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന അടുപ്പിൽ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ തങ്ങൾ നിസ്സഹായരാണെന്നാണ് പൊലീസ് പറഞ്ഞതെന്നും ദിനേഷ് കുമാർ പറഞ്ഞു.
