കൊയിലാണ്ടി: കൊയിലാണ്ടി ചെറിയമങ്ങാട് കോട്ടയിൽ ദുർഗ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച പുലർച്ചെ നടന്ന കൊടിയേറ്റത്തിന് മേൽശാന്തി കലേശ്മണി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗം, ഉച്ചയ്ക്ക് അന്നദാനം, രാത്രി കരിമരുന്ന് പ്രയോഗം എന്നിവ നടന്നു.മാർച്ച് 9ന് തിങ്കളാഴ്ച കെ. എൻ. രാധാകൃഷ്ണൻ്റെ പ്രഭാഷണം, 10 ന്
പ്രമോദ് ഐക്കരപ്പടിയുടെ പ്രഭാഷണം, 11ന് പ്രിൻസി സുരേഷ് അവതരിപ്പിക്കുന്ന കഥകളി, 12 ന് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട്, സ്മൃതിലയം, 13ന് വൈകിട്ട് ശീവേലി, ചിറക്കൽ നിതീഷ് അവതരിപ്പിക്കുന്ന തായമ്പക, അഥീന കണ്ണൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട്, 14ന് വലിയ വിളക്ക് ദിവസം വൈകിട്ട് വിവിധ ഭാഗങ്ങളിൽനിന്ന് ആഘോഷപരവുകൾ പൂത്താലകൾ കാഴ്ചശീവേലി എഴുന്നള്ളിപ്പ്, രാജപ്പൻ മാരാർ,
ചെറുതാഴം വിഷ്ണുരാജ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, പിന്നണിഗായകരായ ദേവാനന്ദ്, രാജലക്ഷ്മി എന്നിവർ നയിക്കുന്ന ഗാനമേള, നാന്തകം എഴുന്നള്ളിപ്പ്, കളർ ഡിസ്പ്ലേ എന്നിവ നടക്കും.15ന് താലപ്പൊലി ദിവസം നാന്തകത്തോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും. ഏപ്രിൽ 6 ന് തിങ്കളാഴ്ച രാത്രി 7 മണിക്ക് തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സർപ്പബലി നടക്കും.
