സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28ാം മൈല്‍-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപുറം റീച്ചിന്റെയും ഉദ്ഘാടനവും ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
തലയാട് ടൗണില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. അഡ്വ. കെ എം സച്ചിന് ദേവ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം കമലാക്ഷി, പി സജിന, ഇ സി സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ശോഭ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
28ാം മൈല്‍ മുതല്‍ തലയാട് വരെ 6.79 കിലോമീറ്റര്‍ നീളത്തില്‍ 50 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയില്‍ തലയാട് പാലവും നിര്‍മിച്ചിട്ടുണ്ട്. തലയാട്-മലപുറം-കോടഞ്ചേരി റീച്ചിന് 110.52 കോടി രൂപയാണ് ലഭ്യമായത്. ഇതില്‍ തലയാട് മുതല്‍ മലപുറം വരെ ഒന്നാം ഘട്ടമായി 9.99 കിലോമീറ്റര്‍ നീളത്തില്‍ 58.9 കോടി രൂപ ചെലവിട്ടാണ് മലയോര ഹൈവേയായി വികസിപ്പിച്ചത്. ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള 9.45 കിലോമീറ്ററില്‍ 51.43 കോടി രൂപയുടെ പ്രവൃത്തികളാണ് ആരംഭിക്കുന്നത്. 18 മാസമാണ് പൂര്‍ത്തീകരണ കാലാവധി.
