കൊയിലാണ്ടി-ഊരളളൂര്‍ റോഡിലെ ചെറോല്‍പ്പുഴ പാലം അപകടാവസ്ഥയില്‍; കമ്പികള്‍ തുരുമ്പെടുത്ത് പുറത്ത്

കൊയിലാണ്ടി- നടുവണ്ണൂര്‍ റോഡില്‍ ഒറ്റക്കണ്ടത്തിനും ഊരള്ളൂരിനും ഇടയിലുള്ള ചെറോല്‍ പുഴയുടെ (ചെറയില്‍ പുഴ) കുറുകെയുള്ള പാലം അത്യന്തം അപകടാവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ മുഴുവന്‍ കമ്പികളും തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പുറത്തായ നിലയിലാണ്. പല കമ്പികളും തുരുമ്പെടുത്ത് തൂങ്ങി നില്‍ക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത പാലം പുതുക്കി പണിയാന്‍ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഏതാനും വര്‍ഷം മുമ്പ് മുത്താമ്പി വൈദ്യരങ്ങാടി -നടുവണ്ണൂര്‍ റോഡ് നവീകരിച്ചിരുന്നു. എന്നാല്‍ അപകടാവസ്ഥയിലുള്ള പാലം മാത്രം പുതുക്കി പണിതില്ല. കൊയിലാണ്ടി ഊരള്ളൂര്‍ നടുവണ്ണൂര്‍ റൂട്ടിലും ഊരള്ളൂര്‍ പേരാമ്പ്ര റൂട്ടിലുമായി നിരവധി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മിക്ക ബസുകളും നിറയെ യാത്രക്കാരുമായാണ് ഓടുക.

ബലക്ഷയം സംഭവിച്ച പാലത്തിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. അമിതഭാരം കയറ്റിയ ടോറസ്സുകള്‍ വരെ ഇതുവഴി ഓടുന്നുണ്ട്. സ്‌കൂള്‍ ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്ന് പോകുന്ന പാലമാണിത്. നടുവണ്ണൂരില്‍ നിന്നും കൊയിലാണ്ടിയില്‍ എത്താനുളള പ്രധാന പാതയിലാണ് ചെറോല്‍പ്പുഴ പാലമുളളത്. കൊയിലാണ്ടി നഗരസഭയുടെയും അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും അതിര്‍ത്തിയാണ് ചെറോല്‍പ്പുഴ.

പാലം തകര്‍ന്നാല്‍ ഊരള്ളൂര്‍-കൊയിലാണ്ടി റോഡ് വഴിയുളള ഗതാഗതം നിലയ്ക്കും. പാലം പുതുക്കി പണിയുമ്പോഴും ഗതാഗതം അരിക്കുളം വഴി തിരിച്ചു വിടേണ്ടി വരും. മഴക്കാലത്തിന് മുമ്പ് പാലം പുതുക്കി പണിയാനുളള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published.