ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു

/

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന് 115 രൂപയുടെ വർധനയാണ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി വർധിച്ചു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന്റെ വില ഏകദേശം 922 രൂപയോളം വരും.

2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ വിതരണവും ഇന്ധന ലഭ്യതയും സംബന്ധിച്ച് ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് വില വർധന. രാജ്യത്ത് ഊർജ ക്ഷാമമില്ലെന്നും വിതരണ തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.