കൊയിലാണ്ടി നഗരസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പൊട്ടലും ചീറ്റലും ഉണ്ടായെങ്കിലും ചര്‍ച്ച പൊതുവേ ആരോഗ്യപരമായി. കക്ഷിവ്യത്യാസം മറന്നു കൊയിലാണ്ടി നഗരത്തിന്റെ വികസനം മുന്‍നിര്‍ത്തിയുളള ചര്‍ച്ചയാണ് കൗണ്‍സിലര്‍മാര്‍ നടത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത മിക്കവാറും എല്ലാ കൗണ്‍സിലര്‍മാരും ഉന്നയിച്ചു.
പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയ മോര്‍ച്ചറി കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നപ്പോള്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കഴിയാത്ത സ്ഥിതി കൊയിലാണ്ടിയില്‍ ഉണ്ട്. ഇതിന് പരിഹാരമായി ഫ്രീസര്‍ സൗകര്യത്തോടെയുളള മോര്‍ച്ചറി സംവിധാനം താല്‍ക്കാലികമായിട്ടെങ്കിലും ആരംഭിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എം.നജീബ്(മുസ്ലിം ലീഗ്) ആവശ്യപ്പെട്ടു. രാത്രി സമയത്ത് ഒരു ഡോക്ടര്‍ മാത്രമാണ് മിക്കപ്പോഴും ഒ.പിയില്‍ ഉണ്ടാവുക. ഇതിന് പരിഹാരം വേണം. ദീര്‍ഘകാലം ആശുപത്രി ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന രോഗികളെ ശുശ്രുഷിക്കാനും പരിചരിക്കാനും ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. ഇതിന് പരിഹാരമായി കൊയിലാണ്ടി നഗരസഭയില്‍ സൗകര്യപ്രദമായ ഒരിടത്ത് നവീന രീതിയിലുളള സാന്ത്വന പരിചരണ വിഭാഗം ആരംഭിക്കണമെന്ന കെ.എം.നജീബിന്റെ ആവശ്യത്തോട് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.പി.സുധീഷും (സി പി എം) പൂര്‍ണ്ണ അര്‍ത്ഥത്തില്‍ യോജിച്ചു. നടേരി മേഖലയില്‍ ഒരു ഏക്കറ സ്ഥലത്ത് ഇത്തരം ഒരു പരിചരണ കേന്ദ്രം ആരംഭിക്കാനുളള നീക്കം നഗരസഭ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ വികസന കാര്യത്തില്‍ യു ഡി എഫ് കൗണ്‍സിലര്‍മാരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ദൃശ്യ (കോണ്‍ഗ്രസ്) ഉറപ്പ് നല്‍കി.

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്ഥല പരിമിതിയും സൗകര്യങ്ങളുടെ കുറവും യു ഡി എഫ് കൗണ്‍സിലര്‍മാരായ അഡ്വ.പി.ടി.ഉമേന്ദ്രന്‍, റാഷിദ് മുത്താമ്പി, ശ്രീജാറാണി, അബ്ദുള്‍ ഖാദര്‍, ദിനേശ് കുമാര്‍ പുളിങ്കുളത്തില്‍, ലാലിഷ തുടങ്ങിയവര്‍ ഉന്നയിച്ചു. നാല്‍പ്പത് ജീവനക്കാര്‍ക്ക് ഒരൊറ്റ ടോയ്‌ലെറ്റ് മാത്രമാണ് ഫയര്‍സ്റ്റേഷനിലുളളത്. നമ്മുടെ ജീവന്‍ രക്ഷിക്കുന്നവര്‍ കഴിയുന്നത് ദുരിതാവസ്ഥയിലാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഫയര്‍ സ്റ്റേഷന് മണമല്‍ ഹോമിയോ ആശുപത്രിക്ക് സമീപം പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്നും ഇതിനുളള നടപടികള്‍ വേഗത്തിലാക്കുമെന്നും വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.സുധാകരന്‍ (സി പി എം) പറഞ്ഞു.
നടേരി വലിയ മലയില്‍ നഗരസഭയുടെ അത്യാധുനിക ശ്മശാനം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് കടലോര മേഖലയെ പൂര്‍ണ്ണമായി അവഗണിച്ചുവെന്ന് മുസ്ലിംലീഗിലെ തസ്‌നിയ കുറ്റപ്പെടുത്തി. നഗരസഭയിലെ റോഡ് വികസനത്തിന് അങ്ങേയറ്റം പ്രാധാന്യം നല്‍കിയ ബജറ്റാണിതെന്ന് സി പി എം കൗണ്‍സിലര്‍ എ.കെ.രമേശന്‍ പറഞ്ഞു. പഴയ മുത്താമ്പി റോഡില്‍ റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ നഗരസഭ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ്സിലെ അബ്ദുള്‍ ഖാദര്‍ ആവശ്യപ്പെട്ടു. പുതിയ തലമുറയെ ലക്ഷ്യമിട്ടുളള ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.ആയിഷ ജാസ്മിന്‍ കുറ്റപ്പെടുത്തി.
ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി ശ്കതിപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബജറ്റ് കാര്‍ഷിക മേഖലയെ അവഗണിച്ചെന്ന് കോണ്‍ഗ്രസ്സിലെ ലാലിഷ പുതുക്കുടി കുറ്റപ്പെടുത്തി. വെളിയണ്ണൂര്‍ ചല്ലിയില്‍ 20 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിനനുസരിച്ചുളള കാര്‍ഷിക വികസന പദ്ധതികളൊന്നും നഗരസഭ ബജറ്റില്‍ ഉള്‍ക്കൊളളിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. നടേരി വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം എന്നെങ്കിലും യാഥാര്‍ത്ഥ്യമാകുമോ എന്നും അവര്‍ ചോദിച്ചു. കൊയിലാണ്ടി സ്‌റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും നഗരസഭയ്ക്ക് വിട്ടുകിട്ടാന്‍ നടപടി ശക്തമാക്കണമെന്ന് കോണ്‍ഗ്രസ്സിലെ അഡ്വ പി.ടി.ഉമേന്ദ്രന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരത്തിലെ പ്രധാന റോഡുകളില്‍ നിന്ന് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിലേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഫണ്ടുപയോഗിച്ചാണ് കൊയിലാണ്ടി നഗരസഭയില്‍ മിക്ക വികസന പ്രവര്‍ത്തനങ്ങളും നടത്തിയതെന്ന് ബി.ജെ.പി കൗണ്‍സിലര്‍ നിമിഷ ബെല്‍ജന്‍ പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ രമ്യ പണ്ടാരക്കണ്ടി, വി.രമേശന്‍, ഷാജി പാതിരിക്കാട്, ശ്രീനിവാസന്‍, രമ്യ മനോജ്, കെ.ഷാജിത്ത്, അഭിന നാരായണന്‍, പ്രിയങ്ക തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ സി.ടി.ബിന്ദു മറുപടി നല്‍കി. ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ അധ്യക്ഷനായി.
