ശിവഗിരി മഠവും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി കൊല്ലം ആശ്രമ മൈതാനത്ത് മാർച്ച് 6 ന് സംഘടിപ്പിക്കുന്ന ഗാന്ധി–ഗുരു സമാഗമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നിന്നും ആരംഭിച്ച ഛായാചിത്ര ജാഥയ്ക്ക് കോഴിക്കോട് കോർപറേഷൻ ഓഫീസ് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോഴിക്കോട് ഡി.സി.സി നേതൃത്വത്തിൽ സ്വീകരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
അഡ്വ. സജീവ് ജോസഫ് എംഎൽഎ നയിക്കുന്ന ജാഥയെ സ്വാഗതം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത് സംസാരിച്ചു. വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ, പി.എം. അബ്ദുൾ റഹ്മാൻ, പി. കൃഷ്ണകുമാർ, ടി.കെ. സിറാജുദ്ദീൻ, മോഹനൻ പുതിയോട്ടിൽ, മജീദ് വെള്ളയിൽ, റാഫി കായക്കൊടി, അബ്ദുൽ ലത്തീഫ് മാപ്പിളവീട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജാഥ സഹഅംഗങ്ങളായ സുരേഷ് ബാബു ഏളയാവൂർ, നൗഷാദ് ബ്ലാത്തൂർ, മുഹ്സിൻ കാതിയോട്, സന്ദീപ് പാണപ്പുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രമുഖ എഴുത്തുകാരൻ ടി. പത്മനാഭനാണ് പയ്യന്നൂരിൽ നിന്ന് ഛായാചിത്ര ജാഥ ഉദ്ഘാടനം ചെയ്തത്.
പയ്യന്നൂരിൽ നിന്ന് ആരംഭിച്ച ജാഥ തിരുനാവായ, തൃപ്രയാർ എന്നീ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ആലുവയിൽ ഇന്നലെ സമാപിച്ചു. ഇന്ന് രാവിലെ ആലപ്പുഴ ജില്ലയിലെ അരൂരിൽ നിന്ന് വീണ്ടും യാത്ര ആരംഭിച്ച ജാഥ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊല്ലം ചിന്നക്കടയിൽ ദീപശിഖയും കൊടിമര പതാക ജാഥകളുമായി സംഗമിച്ച് സമാപന വേദിയായ കൊല്ലം ആശ്രമ മൈതാനത്ത് എത്തിച്ചേരും. ഗാന്ധി–ഗുരു സമാഗമത്തിന്റെ ശതാബ്ദി മഹാസമ്മേളനം മാർച്ച് 6 ന് രാവിലെ 11 മണിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
