കുതിച്ചുയരുന്ന സ്വര്‍ണ വിലയ്ക്ക് തടയിടാന്‍ സംസ്ഥാനത്തെ ജ്വല്ലറി അസോസിയേഷനുകള്‍

സംസ്ഥാനത്തെ സ്വര്‍ണ വില സംരക്ഷിക്കുന്നതിനായി കേരള ഗോള്‍ഡ് ആൻ്റ് സില്‍വര്‍ മെര്‍ച്ചൻ്റ്സ്‌ അസോസിയേഷന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സ്വർണ വില വര്‍ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് ജ്വല്ലറി അസോസിയേഷനുകള്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി വില സംരക്ഷിക്കാനാണ് തീരുമാനമെന്ന് കേരള ഗോള്‍ഡ് ആൻ്റ് സില്‍വര്‍ മെര്‍ച്ചൻ്റ്സ്‌ അസോസിയേഷന്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30 ശതമാനം 30 ദിവസത്തേക്ക് എന്ന രീതിയിൽ നടപ്പിൽ വരുത്താനാണ് അസോസിയേഷൻ്റെ തീരുമാനം.

അതായത്, സ്വര്‍ണത്തിൻ്റെ ഏറ്റവും കുറഞ്ഞ വിലയില്‍ 30% ശതമാനം നല്‍കി ബുക്ക് ചെയ്‌താല്‍ 30 ദിവസം വരെ കാലാവധിയുണ്ടാകുമെന്ന് കേരള ഗോള്‍ഡ് ആൻ്റ് സില്‍വര്‍ മെര്‍ച്ചൻ്റ്സ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ നാസർ പറഞ്ഞു. സംസ്ഥാനത്ത് സ്വർണവിലയില്‍ സുതാര്യമായ മാനദണ്ഡങ്ങൾ ഏര്‍പ്പെടുത്തിയാണ് സ്വര്‍ണ വില സംരക്ഷണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കാൻ സുതാര്യമായ കൂടുതല്‍ മാനദണ്ഡങ്ങള്‍ ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വര്‍ണ വില നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് കേരള ജ്വല്ലറി ഫെഡറേഷൻ നടത്തിയ യോഗത്തില്‍ ചെയർമാൻ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്‌ദുല്‍ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ.കെ. നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം ഫിലിപ്പ് ജോസ്കോ, വിപിൻദാസ് റീഗൽ, ജലീൽ മിറാൾഡ, നൗഷാദ് രാജകുമാരി, ഷെഫീക്ക് എജിഡി, ദിനേശ് കമ്പാരത്ത്, അബ്ദുൽ കരീം സിറ്റി ഗോൾഡ്, അശോക് പോത്തീസ്, കൃഷ്‌ണ കുമാർ ഉണ്ണി, ഷിനോ മാത്യൂ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.