വലിയ പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങി ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ വലഞ്ഞ തെരുവ് നായയ്ക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ. കൊടുവള്ളി – എൻ.ഐ.ടി. താഴെ റോഡിൽ പൊറ്റമ്മൽ ഭാഗത്താണ് തെരുവ് നായ ദിവസങ്ങളോളം പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങി അലഞ്ഞത്. നായയുടെ തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയിട്ട് 18 ദിവസത്തിലധികമായെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രണ്ട് ദിവസമായി നായയെ കാണാതായതോടെ നായ ചത്തുപോയതായി നാട്ടുകാർ സംശയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച നായയെ വീണ്ടും കണ്ടതോടെ പ്രദേശത്തെ യൂത്ത് വിങ് എന്ന കൂട്ടായ്മയ്ക്ക് കീഴിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് കുപ്പി തലയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട തെരുവ് നായയ്ക്ക് രക്ഷകരായത്. ആളുകളെ കാണുമ്പോൾ നായ ഒടിമറയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നായ ഒരിടത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ പോയി വല ഉപയോഗിച്ച് നായയെ പിടിച്ച് നായയുടെ തലയിൽ നിന്നും പ്ലാസ്റ്റിക് കുപ്പി ഊരിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. യൂത്ത് വിങ് പ്രവർത്തകരായ ഇ.സി.മുഖ്താർ, ജംഷീർ പോപ്പി , എ.കെ.ആഷിക്, മുനീർ പെരിയാംതോട്, സി.പി.ഷഫീഖ്, മുർഷിദ്, ഉവൈസ്, സലാഹുദീൻ, ദിലു, മുഹാദ്, ലത്തീഫ്, ജാഫർ , പപ്പു എന്നിവരാണ് നായയെ രക്ഷപ്പെടുത്തിയത്. നായയെ രക്ഷപ്പെടുത്തുന്നതിൻ്റെ വീഡിയോ ഇവർ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.
