കൊയിലാണ്ടി: മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മുമ്പൊരിയ്ക്കലുമുണ്ടാകാത്ത വിധം മദ്യലഭ്യതയും ഉപയോഗവും സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ചതായി കേരള മദ്യ നിരോധന സമിതി കുറ്റപ്പെടുത്തി. ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ല, സ്ക്കൂളുകളായിരിക്കുമെന്ന് പരസ്യം നല്കി വോട്ട് നേടിയവര്‍ ഒമ്പതര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കുത്തനെ ഉയര്‍ത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം റദ്ദ്ചെയ്തും ദേവാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും മദ്യശാലകള്‍ പാലിക്കേണ്ട ദൂര വ്യവസ്ഥ ലഘൂകരിച്ചും മദ്യവ്യാപനത്തിന് കൂട്ടു നിന്ന സര്‍ക്കാര്‍, ഏറ്റവുമൊടുവില്‍ ബാറുകളുടെപ്രവര്ത്തന സമയം രണ്ട് മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാത്രി 12 മണി വരെയാക്കി. ബാറുകളുടെ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയത് പാര്‍ട്ടി ഫണ്ട് നല്കിയതിനുള്ള സി പി എമ്മിന്റെ പ്രത്യുപകാരമാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് ബാര്‍ സമയം വര്‍ദ്ധിപ്പിച്ചത് എന്ന എക്സൈസ് മന്ത്രിയുടെ വിശദീകരണം, സര്‍ക്കാരിന്റെയും സിപി എമ്മിന്റെയും സാമ്പത്തിക താല്പര്യം മറച്ച് പിടിയ്ക്കാനുള്ള തന്ത്രം മാത്രമാണ്.
സംസ്ഥാനത്തെ ബാറുകളില്‍ ഇപ്പോള്‍ വില്‍ക്കുന്ന മദ്യത്തിന്റെ വലിയൊരു പങ്ക്, കണക്കില്‍ പെടുത്താത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. പരിശോധനയോ കേസെടുക്കലോ നടത്താതെ, എക്സൈസ് – പോലീസ് ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കളും ഈ നിയമ ലംഘനത്തിന് സഹായം ചെയ്യുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനക്കണക്കില് നിന്നും വ്യക്തമാകുന്നത്, രണ്ട് ലക്ഷം പെട്ടി വിദേശമദ്യം മാത്രമാണ് ഒരു മാസം സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും കൂടി വാങ്ങുന്നത് എന്നാണ്. അതായത് ഒരു ദിവസം സംസ്ഥാനത്തെ 884 ബാറുകാരും കൂടി വാങ്ങുന്നത് 6,666 കെയ്സ് മദ്യമാണ്. ഒരു ബാര്‍ വാങ്ങുന്നത് ഏകദേശം 7.5 കെയ്സ് മദ്യമാണെന്നാണ് കണക്ക്. ഇത്രയും മദ്യമെ വില്‍ക്കുന്നുവെങ്കില്‍ ലാഭകരമായി ബാറുകള്‍ നടത്തുവാന്‍ ആര്‍ക്കും കഴിയില്ലെന്നും വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധമുളള മദ്യാസക്തിയാണ് ഇവിടെയുളളത്. ജനങ്ങളെ പ്രലോഭിപ്പിച്ചും അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തുമാണ് ഈ സാഹചര്യം ഭരണാധികാരികളും അബ്കാരികളും ചേര്‍ന്ന് ആസൂത്രിതമായി ഉണ്ടാക്കിയത്.
‘നാടെങ്ങും മദ്യമൊഴുക്കി,കുടുംബം തകര്‍ത്ത എല്‍.ഡി.എഫിന് വോട്ടില്ല’ എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി, ആരംഭിച്ച പ്രചാരണ ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുമെന്ന് കേരള മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍, മദ്യനിരോധന മഹിളാവേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഒ.ജെ. ചിന്നമ്മ, ചീഫ് കോഡിനേറ്റര്‍ പ്രൊ: ടി എം രവീന്ദ്രന്, ജില്ലാ സെക്രട്ടറി പൊയിലില്‍ കൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
