സംസ്ഥാനത്ത് റേഷൻ കടകൾ വഴി മൂന്ന് മാസത്തിലൊരിക്കൽ നൽകിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷൻ കടകൾ വഴി മൂന്ന് മാസത്തിലൊരിക്കൽ നൽകിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ്. കേന്ദ്രസർക്കാർ അനുവദിച്ച മണ്ണെണ്ണ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നീക്കം. പുതിയ തീരുമാനപ്രകാരം, വൈദ്യുതി കണക്ഷൻ ഉള്ള വീടുകൾക്ക് ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകൾക്ക് നാല് ലിറ്ററും മണ്ണെണ്ണ ഈ മാസം റേഷൻ കടകൾ വഴി ലഭിക്കും. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അനുവദിച്ച വിഹിതം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

മാർച്ച് 31-നകം നിലവിലുള്ള സ്റ്റോക്ക് വിതരണം പൂർത്തിയാക്കാനാണ് സപ്ലൈ ഓഫീസർമാർക്ക് നൽകിയിട്ടുള്ള കർശന നിർദ്ദേശം. പല താലൂക്കുകളിലും മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രങ്ങൾ ഇല്ലാത്തത് വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ പോയി മണ്ണെണ്ണ എത്തിക്കുന്നതിനുള്ള പണച്ചെലവ് കാരണം പല റേഷൻ വ്യാപാരികളും സ്റ്റോക്ക് എടുക്കാൻ മടിക്കുന്നത് ഉപഭോക്താക്കൾക്ക് വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കിയിരുന്നു. ഇത്തരത്തിൽ വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന മണ്ണെണ്ണയാണ് ഇപ്പോൾ ഒന്നിച്ച് വിതരണം ചെയ്യുന്നത്.

ഈ മാസത്തെ വിഹിതം എല്ലാ റേഷൻ വ്യാപാരികളും ഏറ്റെടുത്തെങ്കിൽ മാത്രമേ മുഴുവൻ കാർഡുടമകൾക്കും മണ്ണെണ്ണ ലഭ്യമാകൂ. സ്വന്തം പരിധിയിലുള്ള കടകളിൽ മണ്ണെണ്ണ ലഭ്യമല്ലെങ്കിൽ, പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മറ്റ് റേഷൻ കടകളിൽ നിന്നും ഉപഭോക്താക്കൾക്ക് വിഹിതം കൈപ്പറ്റാവുന്നതാണ്. ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ അളവ് അനുസരിച്ചായിരിക്കും വിതരണമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.