കുവൈത്തിലെ അൽ അഹ്‍ലി ബാങ്കിൽ നിന്ന് വായ്പയായി വലിയ തുക എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ബാങ്കിന്റെ ചീഫ് കൺസ്യൂമർ ഓഫീസർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രതികളിൽ ചിലർ 61 ലക്ഷം മുതൽ 1.17 കോടി രൂപ വരെ കബളിപ്പിച്ചെന്നാണ് ആരോപണം. വായ്പയായി ലഭിച്ച പണം ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം ഇവർ കുവൈത്ത് വിട്ടതായും അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. ഇതിൽ പലരും നിലവിൽ മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും.
