വടകര: ഇറാൻ-ഇസ്രായേൽ-യുഎസ് സൈനിക നീക്കങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്തിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വടകര എം.പി. ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഇന്ന് നടന്ന മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ, ഇറാൻ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന ദശലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ ഭീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച അടിയന്തര കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ ഇന്ത്യൻ തൊഴിലാളികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് സംരക്ഷണമൊരുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാഹചര്യം കൂടുതൽ വഷളാകുകയാണെങ്കിൽ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള (Safe Homecoming) ഹൈ-ലെവൽ ഇവാക്വേഷൻ പ്രോട്ടോക്കോളുകൾ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾ വഴി അടിയന്തരമായി സജ്ജമാക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. ടെഹ്‌റാൻ, ടെൽ അവീവ്, അബുദാബി, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിൽ മതിയായ ജീവനക്കാരെ ഉറപ്പാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ ഭരണകൂടങ്ങളുമായി നയതന്ത്രതലത്തിൽ ബന്ധപ്പെട്ട് തന്ത്രപ്രധാന മേഖലകൾക്ക് സമീപമുള്ള ഇന്ത്യൻ തൊഴിലാളി ക്യാമ്പുകളുടെയും താമസസ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. പ്രവാസികളിൽ ഭൂരിഭാഗവും മലയാളികളായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരിന്റെ നോർക്കയും (NORKA) ചേർന്ന് വിവരങ്ങൾ കൈമാറാൻ പ്രത്യേക കോർഡിനേഷൻ സെൽ രൂപീകരിക്കണമെന്നും ഷാഫി പറമ്പിൽ എം.പി. കത്തിലൂടെ അഭ്യർത്ഥിച്ചു. കത്തിന്റെ പകർപ്പ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും അദ്ദേഹം കൈമാറിയിട്ടുണ്ട്.
