വിവിധ ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ, ക്ഷേത്ര പ്രതിനിധികൾ എന്നിവരെ വേദിയിൽ അണിനിരത്തി ചേമഞ്ചേരി ഹിന്ദു ഏകത സംഗമം പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര പരിസരത്ത് നടന്നു . കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠം – മഠാധിപതി സുമേധാമൃത ചൈതന്യ സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സനാതനധർമ്മത്തെ കുറിച്ചുള്ള അറിവ് ഹൈന്ദവ ഭവനങ്ങളിൽ നിന്ന് പകർന്നു നൽണമെന്നും ആഴ്ചയിലൊരിക്കൽ കുടുംബങ്ങളിൽ യോഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ നവോത്ഥാനം സാധ്യമായത് എല്ലാ ജാതി വിഭാഗങ്ങളും ഹൈന്ദവ ആചാര്യൻമാരും ഒരുമിച്ച് നടത്തിയ പോരാട്ടത്തിലൂടെയാണ് . രാഷ്ടനവോത്ഥാനത്തിന് ഹൈന്ദവ സമൂഹം സംഘടിതരാവണം. ഹൈന്ദവ സമൂഹം സംഘടിക്കുന്നത് ഇല്ലാതാക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ പരിശ്രമിക്കുകയാണ് അത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു രാഷ്ട്ര സേവികാ സമിതി ദക്ഷിണ ക്ഷേത്ര സഹ കാര്യവാഹിക ലതാ രാജൻ ചേലിയ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്ന സമാദരം ചടങ്ങും സംഘടിപ്പിച്ചു. കെ.പി സത്യൻ അധ്യക്ഷത വഹിച്ചു.
കെ.എ.സുനിൽ,ഭാസ്കരൻ എന്നിവർ സംസാരിച്ചു.
ഭാരത് മാതാ പൂജ, ലളിതാ സഹസ്രനാമ പാരായണം,തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറി. ബാലഗോകുലം അവതരിപ്പിച്ച
പി.കെ. ഗോപി രചിച്ച് കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത സംഗീത ശില്പം പരിപാടി ഏറെ ശ്രദ്ധേയമായി.
