മുഖാമുഖം കണ്ടും പറയാനുള്ളതെല്ലാം പറഞ്ഞും പറയുന്നതെല്ലാം കേട്ടും, സച്ചിൻദേവ് എംഎൽഎയും സാംസ്കാരിക പ്രവർത്തകരും നൂറിലധികം നാട്ടുകാരും ഒപ്പമിരുന്ന് നാടിന്റെ കാര്യങ്ങൾ പറഞ്ഞും ചർച്ച ചെയ്തും മനോഹരമായ ഒരു വൈകുന്നേരം. ഉള്ളിയേരി, കന്നൂര് ചെറുകാട് ഗ്രന്ഥാലയം സംഘടിപ്പിച്ച ‘കണ്ടും കേട്ടും’ പരിപാടി പങ്കെടുത്തവർക്കെല്ലാം വ്യത്യസ്തമായ ഒരനുഭവമായി.
പാറപ്പുറത്ത് നാരായണേട്ടന്റെ വിട്ടുമുറ്റത്തായിരുന്നു ‘കണ്ടും കേട്ടും’ പരിപാടി. കൂടിയിരുന്നും കുശലം പറഞ്ഞും വികസന ആശയങ്ങൾ പങ്കുവെച്ചും നേരം പോയത് ആരുമറിഞ്ഞില്ല ! വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങിയ പരിപാടി രണ്ടര മണിക്കൂറിലേറെ നീണ്ടു.

ചിറ്റാരി റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ വൈകിയതിന് കൂടിയവരിൽ ചിലർക്കുള്ള പരിഭവം എംഎൽഎയുടെ മുമ്പിൽ ഒട്ടും മറച്ചുവച്ചില്ല. വൈകാനുണ്ടായ സാങ്കേതികമായ കാര്യം എംഎൽഎ വിശദീകരിച്ചു കഴിഞ്ഞപ്പോൾ പരിഭവം സ്നേഹമായി മാറി. ജലനിധി പദ്ധതിയുടെ ഭാഗമായി തകർന്നുപോയ ശിശുമന്ദിരം റോഡിന്റെ ശോച്യാവസ്ഥയും കളിസ്ഥലം ഏറ്റെടുത്ത് പണിപൂർത്തീകരിക്കാത്തതിന്റെ പ്രശ്നങ്ങളും അവതരിപ്പിക്കപ്പെട്ടു. ഒത്തൊരുമിച്ച് നിന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും ഗ്രാമപഞ്ചായത്തും എംഎൽഎ ഫണ്ടും ഉപയോഗപ്പെടുത്തി, ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പരിപാടി അവസാനിച്ചത്.

സാംസ്കാരിക പ്രവർത്തകരായ കെ കെ ശിവദാസൻ മാസ്റ്റർ, ടി കെ വിജയൻ കൂട്ടാലിട, കെ കെ സത്യൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ കെ അരവിന്ദാക്ഷൻ, പ്രസാദ് കൈതക്കൽ തുടങ്ങിയവർ പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്തു. ചെറുകാട് ഗ്രന്ഥാലയം സെക്രട്ടറി യു എം അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് മെമ്പർ ഷാജു ചെറുക്കാവിൽ നന്ദി രേഖപ്പെടുത്തി.
