നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധി നീതി നിഷേധമാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് കോടതി തള്ളിക്കളഞ്ഞുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിധി സ്വാഭാവിക നീതിയുടെയും ക്രിമിനൽ നടപടികളുടെയും ലംഘനമാണെന്നാണ് സർക്കാരിന്റെ പ്രധാന വാദം.
പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലൂടെ അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന കോടതി കണ്ടെത്തൽ വസ്തുതാവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഫോറൻസിക് റിപ്പോർട്ടുകളെക്കാൾ അനുമാനങ്ങൾക്കാണ് കോടതി മുൻഗണന നൽകിയത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നും അത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും അപ്പീലിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ വിവരങ്ങളും ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും വിചാരണക്കോടതി ഗൗരവമായി പരിഗണിച്ചില്ലെന്ന ആക്ഷേപവും സർക്കാർ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.