മലബാറിന്റെ ടൂറിസം വികസനത്തിലെ ഗുണം കേരളത്തിനാകെ ലഭ്യമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പേരാമ്പ്ര മണ്ഡലത്തിലെ ചേർമല കേവ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരമേഖലയിൽ യാത്ര-താമസ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യങ്ങൾ ഒരുക്കിയതിലൂടെ അധികമായി 32 കോടി രൂപയുടെ വരുമാന വർധനവ് ഉണ്ടായി. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ വികസനം ഗതാഗത സൗകര്യ മേഖലയിൽ മികച്ച നേട്ടം കേരളത്തിന് സമ്മാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ചേർമല കുന്നിൻമുകളിൽ 2.10 ഏക്കർ സ്ഥലത്ത് ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപ വിനിയോഗിച്ചാണ്
ഓപൺ എയർ തിയേറ്റർ ഉൾപ്പെടുന്ന പാർക്ക് വിനോദസഞ്ചാരികൾക്കായി ഒരുക്കിയത്. സർക്കാരിനുകീഴിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡാണ് (കെൽ) പ്രവൃത്തി പൂർത്തീകരിച്ചത്. നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ശൗചാലയം, കഫ്റ്റീരിയ, ഉൽപന്ന-വിപണന കേന്ദ്രം, സ്റ്റേജ്, ചുറ്റുമതിൽ, എൽഇഡി വിളക്കുകൾ, പ്രവേശന കവാടം എന്നിവ ഉൾപ്പെടെയാണ് പാർക്ക് നിർമിച്ചത്. ചേർമലയിലെ നരിമഞ്ച എന്നറിയപ്പെടുന്ന ഗുഹയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ കെ ഹനീഫ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരത്തിൽ, റോട്ടറി ക്ലബ് സെക്രട്ടറി ബിജു ചാലക്കര, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ്, തുടങ്ങിയവർ പങ്കെടുത്തു.
