കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച കെ.എസ്.യു. നേതാവിന്റെ വീടിനുനേരേ ബോംബേറ്. കെ.എസ്.യു. ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകര തോടന്നൂരിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുഖംമറച്ചെത്തിയ രണ്ടുപേരാണ് വീടിനുനേരേ ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഗേറ്റിന് മുന്നിലെത്തിയ ഇരുവരും കൈവശമുണ്ടായിരുന്ന ബോംബ് വീടിനുനേരേ എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകളടക്കം തകർന്നു. വീടിന്റെ മുൻഭാഗങ്ങളിലും കേടുപാടുകളുണ്ടായി.
കഴിഞ്ഞദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു. പ്രവർത്തകരിൽ ഉൾപ്പെട്ടയാളാണ് ബിതുൽ ബാലൻ. മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ബിതുൽ ബാലൻ നിലവിൽ റിമാൻഡിലാണ്.
