ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത് വീട്ടിനകത്തും പരിസരങ്ങളിലുമാണ്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന്‍ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍, ആക്രിക്കടകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന വസ്തുക്കളില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും മണിപ്ലാന്റും മറ്റ് അലങ്കാര ചെടികളും വളര്‍ത്തുവാന്‍ തുടങ്ങിയതോടു കൂടി വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ കൂടിയതും ഡെങ്കിപ്പനിക്ക് പ്രധാന കാരണമാണ്.
ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകും. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും. അതിനാല്‍ ഇടവിട്ടുള്ള വേനല്‍ മഴ ഡെങ്കിപ്പനി വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യം ഒരുക്കും. ആഴ്ച തോറും വീടും, സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
