നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രണ്ടു ഘട്ടങ്ങളിലായി കേരളം സന്ദർശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനം. മാർച്ച് 6, 7 തീയതികളിൽ രണ്ടാം ഘട്ട സന്ദർശനവും നിശ്ചയിച്ചിരിക്കുന്നു.
ഫെബ്രുവരി 25-ന് സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നിർവഹിക്കും. ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ചയും ഈ ദിവസങ്ങളിൽ നടക്കും.
സീറ്റുവിഭജന ചർച്ചകൾ നീളുന്നതും നിലവിലെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.
രണ്ടാം ഘട്ട സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് 6-ന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരി മഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.
