ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു. 

സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞ കോടതി, ഈ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കിട്ടിയെന്ന് സർക്കാറിനോട് ആവർത്തിച്ച് ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
സർക്കാർ ജീവനക്കാരുടെയും പൗരന്മാരുടെയും വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി തടഞ്ഞുകൊണ്ട് ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. സ്പാർക്ക് അടക്കമുള്ള സോഫ്റ്റ്‌വെയർ നിന്ന് വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റിയത് എങ്ങനെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഒരാളുടെ അനുമതി ഇല്ലാതെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് എന്ത് അധികാരം എന്നും കോടതി ചോദിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റു സേവനങ്ങൾക്കുമായി രജിസ്റ്റർ ചെയ്‌തവർക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാരിന്റെ നേട്ടങ്ങൾ എന്നു അവകാശപെട്ട് സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണു കോടതി ഇത്തരം കടുത്ത പരാമർശങ്ങൾ നടത്തിയത്.

ജഡ്ജിമാർക്ക് അടക്കം ഇത്തരം സന്ദേശങ്ങൾ അയച്ചു എന്ന് ഹർജിയിൽ ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണം ശരിയാണെങ്കിൽ വളരെ ഗൗരവതരമാണെന്നും കോടതി അഭിപ്രായപെട്ടു. സർക്കാരിനെതിരെ കടുത്ത വിമർശനമാണു കോടതി നടത്തിയത്.

കാലിക്കറ്റ്‌ സർവകലാശാല സിൻഡിക്കേറ്റ് അംഗവും അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ. പി.റഷീദ് അഹമ്മദ്‌, സെക്രട്ടേറിയറ് ജീവനക്കാരൻ കെ. എം.അനിൽ കുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് വിനർശനം നടത്തിയത്. ഹർജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published.