സംസ്ഥാന ഫാർമസി കൗൺസിലിൻ്റെ ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിനെതിരെയും, ഫാർമസിസ്റ്റുകൾക്ക് നൽകേണ്ടുന്ന തുടർ വിദ്യഭ്യാസം ഏകപക്ഷീയമായും, സ്വജനപക്ഷപാതത്തിലൂടെയും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഫാർമസി കൗൺസിൽ പ്രസിഡൻ്റിൻ്റെ നടപടിക്കെതിരെയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാർമസി കൗൺസിൽ ഓഫീസിലേയ്ക്ക് ഫാർമസിസ്റ്റുകൾ മാർച്ച് നടത്തി.
തുടർന്ന് നടന്ന ധർണ്ണാ സമരം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെപിപിഎ സംസ്ഥാന പ്രസിഡൻ്റ് കെ.വി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. എസ്ടിയു സംസ്ഥാന ട്രഷറർ മഹീൻ അബൂബക്കർ, ടി. ശുഹൈബ്, ടി.പി. രാജീവൻ, ഗലീലിയോ ജോർജ്ജ്, പി.പി.അനിൽകുമാർ, പി. പ്രവീൺ, ജയൻ കോറോത്ത്, എസ്. വിജയകുമാർ, എൻ. ശുഭ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ മുഴവൻ ഫാർമസിസ്റ്റുകൾക്കും , സുതാര്യമായും, സമയബന്ധിതമായും തുടർവിദ്യാഭ്യാസ പരിപാടി നടത്തുവാൻ വേണ്ടി ഫാർമസി കൗൺസിൽ തയ്യാറാവണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഡി എച്ച് എസ് ഓഫീസ് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന്ന് അജിത് കെ. ജയദ്ദേവ്, വി.മണി, നവജി.ടി.വി, എൻ. സിനീഷ്, ടി.ആർ. ദിലീപ് കുമാർ, കെ.പി. സണ്ണി, എ.ജാസ്മിമാൾ, സഞ്ജു പ്രഭാകർ, എൻ.ബിനോദ് എന്നിവർ നേതൃത്വം നൽകി.
