ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസുകളിൽ ഏപ്രിൽ 1 മുതൽ പണം നേരിട്ട് സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ നീക്കം. പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നാൽ ടോൾ അടയ്ക്കാൻ ഫാസ് ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റ് മാത്രമേ അനുവദിക്കൂവെന്നാണ് റിപ്പോർട്ടുകൾ.
National Highways Authority of India (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തതനുസരിച്ച്, രാജ്യത്തെ മുഴുവൻ ടോൾ പ്ലാസുകളിലും കാഷ് പേയ്മെന്റ് അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. ടോൾ ശേഖരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയും ഏകീകൃത മാതൃകയിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് ലക്ഷ്യം.
നിലവിൽ ഏകദേശം 98 ശതമാനം ടോൾ ശേഖരണവും ഫാസ് ടാഗ് വഴിയാണ് നടക്കുന്നത്. ശേഷിക്കുന്നതിൽ യു.പി.ഐയും കാഷ് പേയ്മെന്റും ഉൾപ്പെടുന്നു. ഇത് പൂർണമായും ഡിജിറ്റൽ ഇടപാടിലേക്കു മാറ്റാനാണ് എൻ.എച്ച്.എ.ഐയുടെ നീക്കം.
ഫാസ് ടാഗ് ഉപയോഗം ടോൾ പ്ലാസകളിലെ കാത്തിരിപ്പും തിരക്കും കുറയ്ക്കുന്നതിൽ സഹായകമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കാഷ് ഇടപാടുകൾ മൂലമുള്ള താമസവും ഗതാഗത തടസ്സവും ഒഴിവാക്കാനാണ് പുതിയ തീരുമാനം. രാജ്യത്ത് നിലവിൽ ഏകദേശം 1,150 ടോൾ പ്ലാസുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിലും ദേശീയപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം പുതിയ ടോൾ പ്ലാസുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ നിലവിലുള്ള ദേശീയപാത ഫീസ് ചട്ടപ്രകാരം, ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് കാഷായി ടോൾ ഈടാക്കുമ്പോൾ ഇരട്ടിയാണു ചുമത്തുന്നത്. യു.പി.ഐ വഴി അടയ്ക്കുന്നവർക്ക് 1.25 മടങ്ങ് അധികം നൽകേണ്ടതുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ കാഷ് ഇടപാട് പൂര്‍ണമായും ഒഴിവാകും.
