കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് സമ്മേളനം പന്തലായനി പെൻഷൻ ഭവനിൽ നടന്നു. ബ്ലോക്ക് പരിധിയിലെ അഞ്ച് യൂണിറ്റുകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.കെ. മാരാർ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കമായി.
നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ‘കൈത്താങ്ങ്’ ധനസഹായ വിതരണം ഉൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ KSSPU ഏറ്റെടുത്ത് നടത്തിവരുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ‘കൈത്താങ്ങ്’ ധനസഹായ വിതരണം നിർവഹിച്ചു. മെയ് അവസാന വാരം കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പി.കെ. ബാലകൃഷ്ണൻ കിടാവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ എ. ഹരിദാസ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
വി.പി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ, ഇ. ഗംഗാധരൻ നായർ, പി. ദാമോദരൻ മാസ്റ്റർ, ഭാസ്കരൻ ചേനോത്ത്, പി.എൻ. ശാന്തമ്മ, ഒ. രാഘവൻ മാസ്റ്റർ, വി.എം. ലീല എന്നിവർ സംസാരിച്ചു.
കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറി അരിക്കുളം എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഷുഗർ, പ്രഷർ പരിശോധനയും ഡോ. മൗനയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.പി. ബാലൻ വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളായി ഭാസ്കരൻ ചേനോത്ത് (പ്രസിഡന്റ്), ടി. സുരേന്ദ്രൻ (സെക്രട്ടറി), ഉണ്ണി മാടഞ്ചേരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
