താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതി കർശന വിലക്കേർപ്പെടുത്തി

സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതി കർശന വിലക്കേർപ്പെടുത്തി. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ട് നിയമനങ്ങൾ നടത്തരുതെന്ന മുൻ ഉത്തരവ് സർക്കാർ പാലിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഈ സുപ്രധാന നടപടി. സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് നവംബർ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, അത് മറികടന്ന് വീണ്ടും സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി അബ്ദുൽ വാഹിദ് സമർപ്പിച്ച ഉപഹർജിയിലാണ് കോടതിയുടെ പുതിയ ഇടപെടൽ. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ അത് ഹാജരാക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കലാമണ്ഡലം കൽപ്പിത സർവകലാശാലയിലും പത്ത് വർഷത്തിലേറെയായി കരാർ അല്ലെങ്കിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നു എന്നാണ് ഉപഹർജിയിലെ പ്രധാന ആരോപണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2021-ൽ നടത്തിയ സ്ഥിരപ്പെടുത്തലുകൾ ചോദ്യം ചെയ്തുള്ള റിട്ട് ഹർജിയിൽ, അംഗീകൃത തസ്തികകളിൽ ഉള്ളവരെ മാത്രമേ സ്ഥിരപ്പെടുത്താവൂ എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്തലുമായി മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സാക്ഷരതാ മിഷനിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജിയിൽ ചീഫ് സെക്രട്ടറിയിൽ നിന്ന് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. പുതിയ കോടതി ഉത്തരവോടെ, നിലവിലെ സാഹചര്യത്തിൽ കൂടുതൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയേണ്ടി വരും.

Leave a Reply

Your email address will not be published.