ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ചെയ്തു. കേരളത്തിന്റെ പൊതുജനാരോഗ്യ സമ്പ്രദായം ലോകത്തിന് മാതൃകയാകുമ്പോഴും ജീവിതശൈലി രോഗങ്ങളില്‍ ഉണ്ടാകുന്ന വര്‍ധനവ് ഗൗരവത്തില്‍ കാണണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുകയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന് സംഘടിപ്പിച്ച ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുനീര്‍ എരവത്ത് അധ്യക്ഷനായി. ഐ.എസ്.എം ഡി.എം.ഒ ഡോ. പി എം സിനി, ഹോമിയോപതി ഡി.എം.ഒ ഡോ. ബി ജെ സോണി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ലാ കോഓഡിനേറ്റര്‍ ഡോ. ജി എസ് സുഗേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. നാഷണല്‍ ആയുഷ്മിഷന് ഡി.പി.എം അനീന പി ത്യാഗരാജ്, മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് & ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഇശാഖ്, ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ബി റിതേഷ്, കെ.എം.സി.ടി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശുഭശ്രീ, ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലാ കോഓഡിനേറ്റര്‍ ഡോ. ഇ ജെ സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ഫുഡ് ഫെസ്റ്റ് മത്സരം, സൗജന്യ ജീവിതശൈലി രോഗ സ്ക്രീനിങ്, മെഡിക്കല്‍ എക്സിബിഷന് എന്നിവയും നടന്നു. രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ നിന്നാരംഭിച്ച് മാനാഞ്ചിറയില്‍ സമാപിച്ച മാരത്തോണ്‍ മേയര്‍ ഒ സദാശിവന് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് യോഗ ഡാന്‍സ്, സൂംബാ ഡാന്‍സ്, വിവിധ ആയുഷ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യോഗ പരിശീലകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത മാസ് യോഗ എന്നിവയും ഉണ്ടായി.
