മേപ്പയ്യൂർ: ചാവട്ട് പാടശേഖരം കതിരണിയുന്നത് കാണാൻ കർഷകർ കാത്തിരിക്കെ, ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. ഏകദേശം 50 ഏക്കർ വ്യാപ്തിയുള്ള വിശാലമായ പാടശേഖരത്തിൽ മുൻപ് മൂന്ന് സീസണുകളിലായി നെൽകൃഷി നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ ഭാഗികമായി മുണ്ടകൻ കൃഷി മാത്രമാണ് നടക്കുന്നത്.
പാടശേഖരം പൂർണമായി ഉപയോഗപ്രദമാക്കാൻ പുത്തലത്ത് താഴ – കോലാറ്റത്താഴ തോട് ജലസേചനത്തിന് സജ്ജമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത്, പാടശേഖര സമിതി, വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനകീയ കമ്മിറ്റികൾ എന്നിവർ നൽകിയ നിവേദനത്തെ തുടർന്ന് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു.
എസ്റ്റിമേറ്റ് പരിശോധനയ്ക്കായി ജില്ലാ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള എൻജിനീയറിങ് വിഭാഗത്തിലെ ഉന്നതതല സംഘം ചാവട്ട് പാടശേഖരം സന്ദർശിച്ചു. കൃഷി അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാർ, ഓവർസിയർ ആയിഷ മങ്ങാട്ട്, എം.എസ്. ജിതേഷ്, മേപ്പയ്യൂർ കൃഷി ഓഫീസർ ഡോ. അപർണ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുനിൽ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പാടശേഖര സമിതി പ്രസിഡണ്ട് പി. കുഞ്ഞിക്കേളപ്പൻ, സെക്രട്ടറി വി. കുഞ്ഞിരാമൻ കിടാവ് എന്നിവർ പങ്കെടുത്തു.
പദ്ധതി പ്രവർത്തനം എത്രയും വേഗം ആരംഭിച്ച് നെൽകൃഷി പുനരാരംഭിക്കാൻ സർക്കാർ തലത്തിൽ ഉടൻ തീരുമാനം ഉണ്ടാകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
