ശബരിമല ക്ഷേത്രം സ്വർണ്ണക്കൊള്ള കേസ് കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

/

ശബരിമല ക്ഷേത്രം സ്വർണ്ണക്കൊള്ള കേസ് കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിൽ സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും.

സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്.

ശ്രീകോവിലിലെ സ്വർണപ്പാളികളുടെ സാമ്പിളുകൾ എവിടെ പരിശോധിക്കണമെന്ന കാര്യത്തിൽ എസ്‌ഐടി ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. ജംഷെഡ്പൂരിലെ ലാബിൽ പരിശോധന നടത്താനാണ് തീരുമാനം. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായും വിജിലൻസ് കോടതിയെ അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൊടിമര നിർമാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്നു കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിനെ തുടർന്ന് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയിട്ടുണ്ട്. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ മോചിതനാകാനാവില്ല. ദ്വാരപാലക ശിൽപ കേസിൽ അദ്ദേഹം തുടർന്നും ജയിലിൽ കഴിയേണ്ടിവരും. ആ കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യനീക്കം നടത്തും.

ഇതിനകം പുറത്തിറങ്ങിയ ആറു പ്രതികളിൽ നാലുപേർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23ന് പരിഗണിക്കും. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

Leave a Reply

Your email address will not be published.