ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര ഇനി നവീന വൈദ്യുത ദീപസംവിധാനത്തിൽ: ഉദ്ഘാടനം ഫെബ്രുവരി 19ന്

ഭക്തർക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയിൽ സദാ പരിലസിക്കും. നാലമ്പല മുന്നിലെ പരമ്പരാഗത നിർമിതികളും ശീവേലി നേരം ഗജവീരൻ്റെ മുകളിൽ കീഴ്ശാന്തി കയ്യിലേന്തിയ ശ്രീഗുരുവായൂരപ്പൻ്റെ പൊൻ തിടമ്പും പ്രകാശം പരത്തുന്ന നിലയിലാണ് പുതിയ ദീപ വിതാനം. നവീനപ്രകാശ വിന്യാസമൊരുക്കുന്ന ഹൈ ബേ ലൈറ്റ്, ഫ്ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ദേവസ്വം ഭരണസമിതി അംഗം കെ .എസ് .ബാലഗോപാൽ ആണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 19 ന് രാത്രി ഏഴു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ പുതിയ ദീപസംവിധാനം ശ്രീ ഗുരുവായൂരപ്പനും ഭക്തർക്കുമായി സമർപ്പിക്കും. ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലത്തിന് മുൻവശത്തെ ശീവേലിപ്പുര. ക്ഷേത്രം നട തുറന്നിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനായി ഒത്തു ചേരുന്ന ഇടം. ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായി ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം പുനർവൈദ്യുതീകരണത്തിന് എസ്റ്റിമേറ്റ് തുക സമർപ്പിച്ചിരുന്നു. 8,77,000.00 രൂപയായിരുന്നു അടങ്കൽ തുക. പ്രവർത്തനാനുമതിയ്ക്കായി ദേവസ്വം ഭരണസമിതിയിൽ എത്തിയപ്പോൾ ഭരണസമിതി അംഗമായ കെ എസ്സ് ബാലഗോപാൽ അവർകൾ സ്വമേധയാ വഴിപാടിയായി പ്രവൃത്തി പൂർത്തിയാക്കി ദേവസ്വത്തിന് സമർപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു.ദേവസ്വം ഭരണസമിതി അനുവാദവും നൽകി.
ബാലഗോപാൽ കരാറുകാരുമായി ചർച്ച ചെയ്ത് നേരിട്ട് പ്രവൃത്തി നടത്തി പൂർത്തിയാക്കുകയായിരുന്നു. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം പ്രവൃത്തിക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെ പരമ്പരാഗത നിർമ്മിതികളും തൂണുകളിലും കൂടാതെ ശീവേലി സമയത്ത് ഗജവീരൻ്റെ മുകളിലെ കോലത്തിലെ തിടമ്പ് തിളങ്ങുന്ന രീതിയിൽ പരാമവധി വെളിച്ചം ലഭിക്കുന്നതിനായി 30 high bay light കളും കൊടിമരം ഭംഗി ഉയർത്തികാണിക്കുന്നതിനായി Flood light ഉം, കൊടിമരത്തിന് ചുറ്റും Strip light കളും സ്ഥാപിച്ച ശീവേലിപ്പുര വർണ്ണാഭമാക്കിയിട്ടുള്ളതാണ്. ആലുവ ആസ്ഥാനമായി പ്രവൃത്തിയ്ക്കുന്ന S & S ഇലക്ട്രിക്കൽസ്എന്ന സ്ഥാപനമാണ് പ്രവൃത്തി നിർവ്വഹിച്ചത്.

Leave a Reply

Your email address will not be published.