കൊയിലാണ്ടി: ക്ഷാമബത്തയും ക്ഷാമാശ്വാസവും ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശമാണെന്നും അത് തടഞ്ഞുവെക്കുന്നത് നീതി നിഷേധമാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2024 മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരണം ഉടൻ പ്രഖ്യാപിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ, ജില്ലാ വൈസ് പ്രസിഡന്റ് ഇ. ബാലൻ നായർ, ഡോ. മോഹനൻ നടുവത്തൂർ, ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ, പി. സുധാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാ റിപ്പോർട്ടും ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.എം. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. നാരായണൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജെയിംസ് മാത്യു വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രവീന്ദ്രൻ കോവിലേരി സ്വാഗതവും ആണേല ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു.
