വയനാട് മെഡിക്കൽ കോളേജ് വികസനത്തിന് മാനന്തവാടി അമ്പുകുത്തിയിൽ വനംവകുപ്പിന്റെ കൈവശമുള്ള 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. ഇതിന് പകരമായി വനവൽക്കരണം നടത്തുന്നതിനായി സുൽത്താൻ ബത്തേരി താലൂക്കിൽ വനംവകുപ്പിന് പകരം ഭൂമി വിട്ടുനൽകുവാനും തീരുമാനമായിട്ടുണ്ട്.
മാനന്തവാടിയിലെ ജില്ലാ ആശുപത്രി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മെഡിക്കൽ കോളേജായി ഉയർത്തുകയായിരുന്നു. ഇവിടെ അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെ നിർമിക്കാനുള്ള സൗകര്യക്കുറവുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്തവനഭൂമി ഏറ്റെടുക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
