കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി ദൃശ്യമാകുന്നുവെങ്കിൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വിവിധ ഖാദിമാർ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് ശഅബാൻ 29 ആണ്. വൈകിട്ട് മാസപ്പിറവി കണ്ടാൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമാകാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കും.
പുണ്യങ്ങളുടെ മാസമായ റമദാനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. വിശ്വാസികൾക്ക് ആത്മപരിശുദ്ധിയുടെയും ആത്മസംസ്‌കരണത്തിന്റെയും പ്രത്യേക കാലഘട്ടമായാണ് റമദാൻ കണക്കാക്കപ്പെടുന്നത്.
പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുകയും ഖുർആൻ പാരായണം, പ്രാർത്ഥനകൾ, ധാനധർമ്മ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് റമദാനിലെ പ്രധാന ആചാരങ്ങൾ. ആത്മവിശുദ്ധിയിലേക്കും അല്ലാഹുവിലേക്കുമുള്ള സമർപ്പണയാത്രയായാണ് വിശ്വാസികൾ റമദാനെ കാണുന്നത്
