തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതൽ 19 വരെ സംസ്ഥാനവ്യാപകമായി ഊബർ ആപ്പ് ബഹിഷ്കരിക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം.
ഊബറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയാണു മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും.
പ്ലാറ്റ്ഫോമിൽ കുറഞ്ഞപക്ഷം ടാക്സി നിരക്ക് നടപ്പിലാക്കണം, പ്രതിദിന സബ്സ്ക്രിപ്ഷൻ തുക 165 രൂപയിൽ നിന്ന് കുറയ്ക്കണം, അക്കൗണ്ടുകൾ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. മൂന്ന് ദിവസവും ഊബർ ആപ്പ് പൂർണമായും ഓഫ്ലൈൻ ആക്കുമെന്നും യാത്രാക്ലേശം ഒഴിവാക്കാൻ ‘കേരള സവാരി’ വഴി സർവീസ് നടത്തുമെന്നും തൊഴിലാളികൾ അറിയിച്ചു.
