കൊയിലാണ്ടി: തീവണ്ടിയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ.യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍(ബോര്‍ഡിംങ്ങ് സ്‌റ്റേഷനില്‍) നിന്നു തന്നെ കയറിയില്ലെങ്കില്‍ റിസര്‍വേഷന്‍ ചെയ്ത സീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെടും. റിസര്‍വ്വ് ചെയ്ത യാത്രക്കാരെ കാത്ത് ടിക്കറ്റ് പരിശോധകര്‍ അടുത്ത സ്റ്റേഷന്‍ വരെ കാത്തുനില്‍ക്കില്ല. മുമ്പ് ഒരു യാത്രക്കാരന്‍ ബോര്‍ഡിങ് സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍, അടുത്ത രണ്ട് സ്റ്റേഷനുകള്‍ വരെ ടി ടി ഇ ആ സീറ്റ് മറ്റാര്‍ക്കും നല്‍കാതെ കാത്തു നില്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി ടി ഇമാര്‍ക്ക് പുതിയ എച്ച് എച്ച് ടി (ഹാന്റ് ഹെല്‍ഡ് ടെര്‍മിനല്‍സ്) ടാബ്ലെറ്റുകള്‍ നല്‍കിയതോടെ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ടിക്കറ്റ് റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ ട്രെയിനില്‍ കയറിയില്ലെങ്കില്‍ ടി ടി ഇ ഉടന്‍ തന്നെ ടാബ്ലെറ്റില്‍ അത് രേഖപ്പെടുത്തും.മാത്രവുമല്ല ഉടന്‍ തന്നെ ആ സീറ്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കോ ആര്‍ എ സി യാത്രക്കാര്‍ക്കോ എച്ച് എച്ച് ടി സിസ്റ്റം നല്‍കും. .നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ആ വിവരം എസ് എം എസ് വഴി യാത്രക്കാരുടെ ഫോണിലെത്തും.ടിക്കറ്റ് റിസര്‍വ്വ് ചെയ്യുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് എസ് എം എസ് വരില്ല. പലരും യാത്ര ചെയ്യുന്നവരുടെ മൊബൈല്‍ നമ്പര്‍ നല്‍കാറില്ല. ടിക്കറ്റ് ബുക്ക് ചെയുന്നവര്‍ അവരുടെ മൊബൈല്‍ നമ്പറാണ് പൊതുവെ കൊടുക്കാറുള്ളത്. ടിക്കറ്റ് റിസര്‍വ്വ് ചെയ്തപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് മാത്രമേ എസ് എം എസ് പോവുകയുള്ളു. ട്രാവല്‍ ഏജന്റ്മാര്‍ ടിക്കറ്റ് കിട്ടാന്‍ പല സ്ഥലത്ത് നിന്നും ബുക്ക് ചെയ്യും. അവരുടെ മൊബൈല്‍ നമ്പറാണ് കൊടുക്കുക. ഇത് യാത്രക്കാര്‍ അറിയില്ല.
സീറ്റ് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിങ് സ്റ്റേഷനില്‍ തന്നെ കൃത്യസമയത്ത് ട്രെയിന്‍ കയറാന്‍ എത്തണം. എന്നാല്‍ കയറാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഷന്‍ മാറുകയാണെങ്കില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോര്‍ഡിങ് പോയിന്റ് മാറ്റണം.
