കായിക വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വഴി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിൽ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ അധ്യക്ഷത വഹിച്ചു.
കായിക താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്ന് സ്പോർട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ച് എം.എൽ.എ. പറഞ്ഞു.
ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. കോർപ്പറേഷൻ മേയർ ഒ സദാശിവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്, വൈസ് പ്രസിഡന്റ് ഡോ. വി റോയ് ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ അനിതകുമാരി, കെ എം ജോസഫ്, കെ ഷാജേഷ് കുമാർ, ആർ ഷാജി, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, അന്താരാഷ്ട്ര കായിക താരങ്ങളായ കെ പി സേതുമാധവൻ (ഫുട്ബോൾ), ഇ കെ കിഷോർ (വോളിബോൾ), അബ്ദുൾ നാസർ (വോളിബോൾ), ഹാരിസ് റഹ്മാൻ (ഫുട്ബോൾ) തുടങ്ങിവർ പങ്കെടുത്തു.
