സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിങ് സംവിധാനം ഒരുക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കുട്ടികളുടെ മന:ശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും ചെയർപേഴ്സൺ കെ വി മനോജ്കുമാർ അംഗങ്ങളായ പി ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവിൽ പറയുന്നു. വിദ്യാർഥി സംഘർഷത്തെ തുടർന്ന് താമരശ്ശേരി എം.ജെ.എച്ച്.എസ്.എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ, കായിക, സാഹിത്യ, സംഗീത, നാടക, സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ജുവനൈൽ പോലീസ് യൂണിറ്റ്, ലീഗൽ സർവ്വീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കണം. നിയമബോധം, ലിംഗ സെൻസിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
കമീഷന്റെ നിർദ്ദേശങ്ങൾ 2026-27 അധ്യയനവർഷം മുതൽ രണ്ട് വർഷത്തിനകം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും പദ്ധതികൾക്ക് രൂപം നൽകണമെന്നും നിർദ്ദേശിച്ചു.
