മാരാമുറ്റം മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ നിറവില്‍

മാരാമുറ്റം തെരു മഹാ ഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 13,14,15 തിയ്യതികളില്‍ ആഘോഷിക്കും.13ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പളളിയുണര്‍ത്തല്‍,ആറ് മണിക്ക് ഗണപതി ഹോമം.14ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം.8.15ന് പന്തലായനി അഘോര ശിവക്ഷേത്രത്തിലേക്ക് എണ്ണയും തിരിയും നല്‍കുന്ന ചടങ്ങ്. വൈകീട്ട് 6.30ന് ദീപാരാധന,7.30ന് സമൂഹ സര്‍പ്പബലി.15ന് പുലര്‍ച്ചെ പളളിയുണര്‍ത്തല്‍,ശീവേലി,വൈകീട്ട് നിലക്കളി,ശീവേലി,ഭജന,രാത്രി ഏഴിന് പ്രിയദര്‍ശ് കടമേരി,ബാബു മാരാമുറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഭഗവാന്റെ തിടമ്പെഴുന്നളളത്ത്. ക്ഷേത്ര സന്നിധിയില്‍ നിന്നും പുറപ്പെട്ട് വലിയ വീട്ടില്‍ എത്തിച്ചേരും. തിരിച്ചു ക്ഷേത്രക്കുളത്തിലെ ആറാട്ടിന് ശേഷം പുലര്‍ച്ചെ വാളകം കൂടല്‍. ശിവരാത്രി ദിവസം രാവിലെ ഒന്‍പത് മണി മുതല്‍ തുലാഭാരം.
ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ഏപ്രില്‍ 21 മുതല്‍ മെയ് ഒന്നു വരെ നടക്കും.തന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. വര്‍ഷങ്ങള്‍ പഴക്കമുളള ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. കാലപഴക്കം മൂലം കുളം നാശത്തിന്റെ വക്കിലായിരുന്നു. 48 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 200 വര്‍ഷത്തോളം പഴക്കമുള്ള കുളമാണിത്. കൊയിലാണ്ടി നഗരപ്രദേശത്ത് മാരാമുറ്റം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കുളത്തിന്റെ നവീകരണ പ്രവൃത്തി 2019 ലാണ് തുടങ്ങിയത്. ഇതുവരെ 35 ലക്ഷം രൂപ ഉപയോഗിച്ചാണ് 13 വരി കെട്ടിയത്. ഇനി 15 വരി കൂടി കെട്ടണം. കുളം പൂര്‍ണ്ണ തോതില്‍ നവീകരിക്കാന്‍ മൊത്തം ഒരു കോടിയോളം രൂപ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരാമുറ്റം ക്ഷേത്രത്തോടനുബന്ധിച്ചുളള സര്‍പ്പകാവും ശ്രദ്ദേയമാണ്.പ്രദേശവാസികള്‍ക്കെല്ലാം തണലേകുന്ന ഈ കാവില്‍ അപൂര്‍വ്വമായ വൃക്ഷങ്ങള്‍ തലയെടുത്ത് നില്‍ക്കുന്നു. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുളള സമൂഹ സര്‍പ്പ ബലി കാവിനുളളിലാണ് നടക്കുക. നാഗയക്ഷിയും നാഗരാജാവും കുടികൊളളുന്നത് ഈ കാവിനുളളിലാണ്. കെ.വി.അനില്‍കുമാര്‍ (പ്രസി),എം.സി.മനോജ്(സെക്ര),ശ്രീജിത്ത് മാരാമുറ്റം(ഖജാന്‍ജി) എന്നിവര്‍ ക്ഷേത്ര ഭാരവാഹികളാണ്.
അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് ശ്രീ വിനായക വാദ്യകലാശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിക്കും. 10,001 രൂപയും ഫലകവും പ്രസശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌ക്കാരം. 33 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ നവീകരണ കലശം നടക്കുന്നത്.

Leave a Reply

Your email address will not be published.