കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. മത്സ്യ ബോർഡ് നടപ്പാക്കിവരുന്ന തനത് പദ്ധതികളുടെ വിതരണോദ്ഘാടനം മത്സ്യഫെഡ് ഭരണസമിതി അംഗം വി കെ മോഹൻദാസ് നിർവഹിച്ചു.
1,214 ഗുണഭോക്താക്കൾക്ക് 40,56,083 രൂപയാണ് വിതരണം ചെയ്തത്. മത്സ്യ ബോർഡ് നടപ്പാക്കി വരുന്ന തനത് പദ്ധതികളിൽ 2025 ഡിസംബർ 31 വരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കി 17 മത്സ്യതൊഴിലാളികൾക്കും മൂന്ന് അനുബന്ധ മത്സ്യതൊഴിലാളികൾക്കും 5,00,000 രൂപ വിവാഹ ധനസഹായമായി വിതരണം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ലഹരിവിരുദ്ധ കാമ്പയിൻ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസെടുത്തു.
കൊയിലാണ്ടി ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പ്രിയങ്ക അനീഷ് അധ്യക്ഷയായി. മത്സ്യബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് സി ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ കെ ദാസൻ, അബ്ദുൽ മജീദ് പോത്തന്നൂരാൻ എന്നിവർ സംസാരിച്ചു.
