കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ ചായ്വും മനോഭാവവും വ്യക്തമാക്കുന്ന ‘കേരള വോട്ടർ പ്രീ പോൾ സർവേ’ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 5 മണിക്ക് വാര്‍ത്താ പോര്‍ട്ടലായ keralavoter.com വഴിയും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലൂടെയുമാണ് സർവേ ഫലം പുറത്തുവിടുന്നത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർമാരെ നേരിട്ടും ഫോൺ വഴിയും ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അതീവ ശാസ്ത്രീയവും സമഗ്രവുമായ സർവേയാണിത്. വോട്ടർമാരുടെ രാഷ്ട്രീയ മനോഭാവം, തിരഞ്ഞെടുപ്പ് പ്രവണതകൾ, മണ്ഡലാടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങൾ എന്നിവ ആഴത്തിൽ വിശകലനം ചെയ്യുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
സർവേ ഫലത്തോടൊപ്പം തന്നെ, രാഷ്ട്രീയ പ്രവണതകളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ നടത്തുന്ന പ്രത്യേക സംവാദപരിപാടിയും ഇന്ന് വൈകിട്ട് 5 മണി മുതൽ കേരള വോട്ടർ Youtube പേജിൽ സംപ്രേഷണം ചെയ്യും. പ്രശസ്ത ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ്, യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം മേധാവി പനയറ അജയൻ എന്നിവർ ചർച്ചയിൽ അതിഥികളായി പങ്കെടുക്കും. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. എൻ. നൗഫലാണ് ഈ സംവാദത്തിന്റെ മോഡറേറ്റർ. കേരളത്തിലെ ജനാധിപത്യ പ്രക്രിയയെ കൃത്യമായി വിലയിരുത്തുന്ന ഈ സർവേയും സംവാദവും രാഷ്ട്രീയ നിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ നിർണ്ണായകമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.
