വയനാട്: വയനാട് മാനന്തവാടിയിൽ നാലുവയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ പെട്ടെന്നായിരുന്നു കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം രാത്രി 9.45 ഓടെ വീട്ടിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തി. ദ്വാരക പ്രദേശത്ത് നിന്ന് ഇത്രയും അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സ്കൂട്ടറിൽ ഒരാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തുന്നത്.
