യുപിഐ വഴി പി.എഫ് പിന്‍വലിക്കല്‍; ഏപ്രിലില്‍ പുതിയ ഇപിഎഫ്ഒ മൊബൈല്‍ ആപ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസവാര്‍ത്ത. യുപിഐ വഴി പി.എഫ് തുക പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമാകുന്നു. ഇതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്പ് ഇപിഎഫ്ഒ പുറത്തിറക്കും. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് യുപിഐ അധിഷ്ഠിത പിന്‍വലിക്കല്‍ സംവിധാനം പ്രാബല്യത്തില്‍ വരിക.

പുതിയ സംവിധാനത്തിലൂടെ അംഗങ്ങള്‍ക്ക് പി.എഫ് തുക നിമിഷങ്ങള്‍ക്കകം സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കും. പുതിയ മൊബൈല്‍ ആപ്പും യുപിഐ സംവിധാനവും ഇതിനകം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ ലോഞ്ചിന് മുന്നോടിയായി 100-ലധികം ഡമ്മി അക്കൗണ്ടുകള്‍ വഴി സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്.

അതേസമയം, യുപിഐ വഴി മുഴുവന്‍ പി.എഫ് തുകയും പിന്‍വലിക്കാന്‍ കഴിയില്ല. പുതിയ ലേബര്‍ കോഡ് നിയമങ്ങള്‍ പ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനം പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്തിരിക്കും. ബാക്കി തുകയിലാണ് ആവശ്യാനുസരണം പിന്‍വലിക്കല്‍ അനുവദിക്കുക. പുതിയ മൊബൈല്‍ ആപ്പിലൂടെ പാസ്‌ബുക്ക് ബാലന്‍സ് പരിശോധിക്കാനും മറ്റ് സേവനങ്ങള്‍ ഉപയോഗിക്കാനും കഴിയും.

പുതിയ ആപ്പ് ആരംഭിച്ചാലും നിലവില്‍ ഉപയോഗത്തിലിരിക്കുന്ന UAN നമ്പറിന്റെയും UMANG പോര്‍ട്ടലിന്റെയും സേവനങ്ങള്‍ തുടരും. നിലവില്‍ പി.എഫ് പിന്‍വലിക്കല്‍ നടപടികള്‍ക്ക് സമയം എടുക്കുന്നുണ്ടെങ്കിലും, ഓട്ടോ-സെറ്റില്‍മെന്റ് മോഡില്‍ അപേക്ഷ നല്‍കിയതിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് പൂര്‍ത്തിയാകുന്നുണ്ട്. അടുത്തിടെ, ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഇപിഎഫ്ഒ ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published.