നിപ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം. ക്യാമ്പസ്സിലെ വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചില്‍ നടന്ന സദസ്സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിപ ചികിത്സയില്‍ കേരളം മാതൃകയാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ കേരളം വികസിപ്പിച്ച ചികിത്സ മാതൃകയാണ് പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു,
നിപയ്ക്കെതിരെ ശാസ്ത്രീയവും ചിട്ടയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുക, നിപ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കുക, നിപയുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന പഠനനങ്ങള്‍ ലഭ്യമാക്കുക തുടങ്ങി കാര്യങ്ങളാണ് നിപ വണ്‍സ്റ്റോപ് സെന്റര്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. നിപ ഗവേഷണത്തിനും അവബോധത്തിനുമായി ഒരു അന്താരാഷ്ട്ര കേന്ദ്രമായി സ്ഥാപനം മാറണമെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാദി റിപ്പോര്‍ട്ടിങ് ഏറ്റവും സുതാര്യമായാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന നിപ ഡിജിറ്റല്‍ ലൈബ്രറി, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ നിപ ജാഗ്രത പ്രതിജ്ഞ, അവബോധ പോസ്റ്റര്‍ എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയ കുസാറ്റിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ഋഷി കൃഷ്ണയെ മന്ത്രി പരിപാടിയില്‍ അനുമോദിച്ചു.
ഉദ്ഘാടന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി വിശ്വനാഥന്, എന്‍ എച്ച് എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ കെ രാജാറാം, എന്‍ എച്ച് എം പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് നോഡല്‍ ഓഫീസര്‍ ടി എസ് അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ.ടി എസ് അനീഷ്, കെസിഡിസി സ്റ്റേറ്റ് ഹെഡ് ഡോ. എ നവീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സദസ്സില്‍ നിപ രോഗം സംബന്ധിച്ച് ജില്ലയില്‍ കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഓരോ വകുപ്പുകളും പാലിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു.







